പടിഞ്ഞാറൻ കാനഡയിൽ കനത്ത മഞ്ഞുരുകൽ: 2025-ൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ രണ്ടാമത്തെ വലിയ മഞ്ഞുരുകൽ

By: 600110 On: Jan 9, 2026, 6:43 AM

 

 ഐക്യരാഷ്ട്രസഭ 2025-നെ 'The International Year of Glaciers’ Preservation,  ആയി ആചരിക്കുമ്പോഴും നോർത്തേൺ കാനഡയിലെ മഞ്ഞുപാളികൾ റെക്കോർഡ് വേഗതയിൽ ഉരുകിത്തീരുന്നതായി റിപ്പോർട്ട്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ രണ്ടാമത്തെ മഞ്ഞുരുകലാണ് കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉണ്ടായതെന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 30 ഗിഗാ ടൺ മഞ്ഞുപാളികളാണ് ഒറ്റ വർഷം കൊണ്ട് ഇല്ലാതായത്. ഇത് ബ്രിട്ടീഷ് കൊളംബിയയിലെ പ്രശസ്തമായ ഒകനാഗൻ തടാകത്തിലെ ആകെ ജലത്തിന് തുല്യമായ അളവാണ്.

മഞ്ഞുമലകൾ അപ്രത്യക്ഷമാകുമോ എന്നതല്ല, മറിച്ച് എത്ര വേഗത്തിൽ അവ ഇല്ലാതാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്കയെന്ന് യൂണിവേഴ്സിറ്റി ഓഫ് നോർത്തേൺ ബ്രിട്ടീഷ് കൊളംബിയയിലെ പ്രൊഫസർ ബ്രയാൻ മെനൗനോസ് വ്യക്തമാക്കി. ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ആഗോളതാപനമാണ് ഈ വൻതോതിലുള്ള മഞ്ഞുരുകലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേനൽക്കാലത്തിൻ്റെ അവസാനത്തിൽ ആവശ്യത്തിന് മഞ്ഞ് ലഭിക്കാത്തത് മഞ്ഞുമലകളുടെ ഉപരിതലത്തെ ഇരുണ്ടതാക്കുകയും, ഇത് കൂടുതൽ സൂര്യതാപം ആഗിരണം ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മഞ്ഞുരുകലിൻ്റെ ആക്കം വർദ്ധിപ്പിക്കുന്ന ഒരു Feedback loop ആണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായാൽ പോലും നഷ്ടപ്പെട്ട ഹിമപാളികളെ വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.